ചെറിയ മൂക്കുള്ള മനുഷ്യർ
ജീവിതത്തിന്റെ ഒരേടിൽ പോലും "ഞാനൊരു മനുഷ്യനാണ്" എന്ന് കുറിച്ചിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല..........
അഞ്ചുകൊല്ലമായി ഡൽഹിയിലാണെങ്കിലും ഇവിടുത്തെ ഭക്ഷണം തീരെ അഡ്ജസ്റ്റ് ആവാത്തതിനാൽ ഒരു ഫ്ലാററ്റെടുത്ത് അമ്മയെയും കൂട്ടിയാണ് സ്റ്റേ..
"അച്ഛന്റെ സമാധിക്ക് വെളക്ക് വെയ്ക്കാൻ ആരാ കുട്ടാ "എന്ന ഒറ്റ ചോദ്യം ഒരുകൊല്ലം ഇവിടുത്തെ ഭക്ഷണം എന്നെ തീറ്റിച്ചു..
മണ്ണാർക്കാടുള്ള ഇളയ മേമയെയും മകൻ മോനുനെയും തറവാടും സ്ഥലോം ഏൽപ്പിച്ചു ഞങ്ങൾ ഇങ്ങോട്ടേക്കു പലായാനം ചെയ്തിട്ടിപ്പോൾ നാല് കൊല്ലം കഴിഞ്ഞു.. എങ്കിലും നാടിനെ പറ്റി ഓർക്കുമ്പോൾ ഒരു വീർപ്പുമുട്ടലാണ്.. പാടോം, പറമ്പും, നാലിശ്ശേരിക്കാവും, വേലേം, പൂരോം, അമ്പലകൊളോം, കൊളം തേവി മീൻപിടിതോം, കൂട്ടുകാരും..
ഇവർക്കൊരിക്കലും അങ്ങനെയൊന്നും കിട്ടിക്കാണാൻ വഴിയില്ല.. നാറുന്ന ഈ അഭയാർത്ഥി ക്യാമ്പുകൾ ജനിച്ച നാടിനേക്കാൾ സ്വർഗ്ഗമായി കാണുന്ന ചെറിയ മൂക്കുള്ള മനുഷ്യർ..
ഞാൻ ചെന്നപ്പോൾ ആരോ വലിച്ചെറിഞ്ഞ ഒരു ചപ്പാത്തി ഓവുചാലിന്റെ അരികിലിരുന്ന് തിന്നുന്ന കുഞ്ഞാപ്പൂനെയാണ് ആദ്യം കണ്ടത്..
ആമിനതാത്താന്റെ കുട്ട്യാണ് കുഞ്ഞാപ്പു.. അവന്റെ ഉപ്പ സലിംകാക്കു ദുബായിലാണ്.. എന്റെ അമ്മേം ആമിന താത്തേം ചക്കവെട്ടിയാൽ അത് എന്നേക്കാൾ മുമ്പേ കൈക്കലക്കാൻ അവന് അത്രക്ക് ആവേശമായിരുന്നു.. ഓണത്തിന് പൂ പറിക്കാൻ എന്റെ എതിർ ടീമിലെ അവൻ ചേരു.. എന്നേക്കാൾ പൂ പറിക്കാൻ ഉള്ള വാശിയാണ്.. ഞാൻ, അരവിന്ദൻ, മോളു, മിന്നു പാത്തൂട്ടി ഒരു ടീം.. കുഞ്ഞാപ്പു, മോനൂസ്, കണ്ണൻ, ആയിഷ എന്ന എന്റെ ആയിശുമ്മ ദാസൻ ഒരു ടീം.. ഊഞ്ഞാലിടാൻ മാത്രാണ് അവൻ എന്നെ സോപ്പിടാ... അപ്പൊ ഞാൻ കൊറച്ച് പവറ് കാണിക്കും..
"കുട്ടാട്ടാ.. ഒന്ന് ഇട്ടെരീം..ഇങ്ങക്കെന്താണ് ഒരു സ്നേഹോം ഇല്ലാത്തെ.. ഈ ഒരു വട്ടം ഇട്ടന്നാ ഇങ്ങക്ക് അടുത്ത പൂരത്തിന് ഉറപ്പായിട്ടും ഒരു അനക്കൊമ്പിന്റെ ലോക്കറ്റ് വാങ്ങ്യരാ.. ഇച്ചൊന്ന് കെട്ട്യരീം.. "
ആ കെഞ്ചലിന് ഒരു വല്ലാത്ത സുഖാണ്.. ഒരു അഞ്ച് തവണയെങ്കിലും അത് പോലെ കേട്ടിരുന്ന് അവസാനം കേട്ടികൊടുക്കും.. എന്നിട്ട് ഒരു അണ്ടർറേറ്റട് സൈക്കോയെ പോലെ ഒരു അരമണിക്കൂർ ആ ഊഞ്ഞാലിലാടി ചിരിക്കും..
അതെ.. അവൻ തന്നെയാണ്.. അതേ പ്രായം.. അതേ കുറുമ്പ്.. അതേ മൊട്ടത്തല..
കൂടെ വന്ന കാമറമാൻ ജീവേന്ദറിനെ കൊണ്ട് അവന്റെ ഒരു ഫോട്ടോയെടുപ്പിച്ചു..
ഫ്ലാഷ് കണ്ടവൻ പേടിച് ആ ചപ്പാത്തിയും പിടിച്ച് എങ്ങോട്ടേക്കോ ഓടിപോയി..
നടന്നു ചെല്ലുന്തോറും എനിക്ക് ആമിന താത്താനെ കാണാമായിരുന്നു സലിംകാക്കൂനെ കാണാമായിരുന്നു മിന്നുനേം മോളുനേം ആയിശുമ്മാനേം കണ്ണനേം ദാസനേം.. എല്ലാവരെയും ഞാൻ കണ്ടു...
പാടവരമ്പത്ത് കളിച്ചിരുന്നവർ ഡ്രൈനേജ് നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ തല്ലു കൂടുന്നുണ്ട്.. ദുബായിലും നാട്ടിലുമായി പണിയെടുത്തിരുന്ന പൗരുഷത്തിന്റെ പ്രധിനിധികൾ മുഖത്ത് നോക്കാൻ പോലും ധൈര്യപ്പെടാതെ തല കുനിച്ചിരുന്ന് പണികളിൽ ഏർപ്പെടുന്നുണ്ട്..
ഇരുട്ടുവോളം പായാരം പറഞ്ഞ് നാട് മുഴുവൻ കേൾക്കെ ചിരിച്ചിരുന്ന പെണ്ണുങ്ങൾ ഒരു വാതിലിനു മറവിൽ കണ്ണീർ വറ്റിയ രണ്ട് ഇരുട്ടുവീണ കണ്ണുകൾ കൊണ്ട് "ഭയമാണ് നിങ്ങളെ എനിക്ക്" എന്ന് വിളിച്ചുപറയുന്നുണ്ട്..
അവരോടെനിക്ക് ചോദിക്കാനൊന്നും ഉണ്ടായിരുന്നില്ല..
പറയാനുള്ളതെല്ലാം ജീവിതം കൊണ്ടെനിക്ക് അവർ പറഞ്ഞു തന്നിട്ടുണ്ട്..
ബുദ്ധിസ്റ്റ് ദേശീയവാദത്തിന്റെയും ഭരണകൂടത്തിന്റെയും പീഡനങ്ങളും വംശഹത്യയും ഭയന്ന് ജീവൻ മാത്രം കയ്യിലെടുത്ത് പിറന്ന നാട് വിട്ട് പലായനം വന്നത് നാപ്പതിനായിരാത്തിലതികം പേർ..ഡൽഹിലടക്കം പല അഭയാർത്ഥി ക്യാമ്പുകളിലായി താമസിക്കുന്നു..
പണ്ട് കോപ്പിയടിച്ചതിന് ചന്തിക്ക് തല്ലിയ ബാലൻ മാഷിന്റെ ചൂരലിന്റെ സ്നേഹവും റോഹിൻഗ്യായിൽ ബുദ്ധമതസ്ഥരായ വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ അനുവദിച്ച് പരീക്ഷക്ക് മുസ്ലീങ്ങളെ മാത്രം പിന്നിൽ കൊണ്ടിരുത്തി തലയ്ക്കുപിന്നിൽ നീട്ടുന്ന തോക്കിന്റെ ഭീകരതയും എനിക്ക് ഒരു തുലാസ്സിൽ അളക്കാനായില്ല..
ഒരു ജേർണലിസ്റ്റ് എന്നതിലുപരി ഒരു മനുഷ്യനായപ്പോൾ എന്റെയും കാമറക്കുപ്പിന്നിലെ ജീവേന്ദറിന്റെയും കണ്ണുകൾ നിറക്കാൻ മാത്രം പോന്നതായിരുന്നു ഈ പ്രൊജക്റ്റ്..
ഷഹീൻ ബാഗിലെ ക്യാമ്പിൽ നിന്നും ഫരീദ്ബാദിലെ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ മോഡി സർക്കാർ മ്യാൻമാറിലേക്ക് തിരിച്ചയാക്കാൻ ഉത്തരവിറക്കിയിട്ടുള്ള ഈ ചെറിയ മൂക്കുള്ള മനുഷ്യരെ ഓർത്തപ്പോൾ കോഫി അന്നന്റെ വാക്കുകളാണ് ഓർമ്മ വന്നത്..
"ഒരാളെ കൊന്നുകൊണ്ടാണ് വംശഹത്യ തുടങ്ങുക..
അയാൾ എന്ത് ചെയ്തു എന്നതല്ല.. മറിച്ച് അയാൾ ആരായിരുന്നു എന്നതാണ് പ്രശ്നം.. "
😍😍😍😍
ReplyDelete