Posts

Showing posts from 2019

തിരിഞ്ഞുനോട്ടം

നീയില്ലെങ്കിൽ ഞാൻ ശൂന്യയാകുന്നതെങ്ങനെ.. അത് ഞാനില്ലായ്മയാണ്.. അവിടെ നിനക്ക് അളക്കാൻ ഒന്നുമുണ്ടാവില്ല.. നീ തന്നതെല്ലാം തിരിച്ചുവാങ്ങാനാണ് വന്നതെങ്കിൽ വീട്ടിലേക്കല്ല.. പറമ്പിൽ തെക്ക് മാറി ഒരു മൺകൂനയുണ്ടാകും..  അത് മാന്തിയാൽ ഞാനുണ്ടാകും.. നെഞ്ച് കീറിയെടുക്കുമ്പോൾ ഹൃദയത്തിൽ വേരിറങ്ങിയ എന്തോ ഒന്ന് കാണുന്നെങ്കിൽ, വേര് പൊട്ടാതെ എടുക്കുക.. എന്റെ രക്തവും പ്രണയവും കൊടുത്ത് ഞാൻ വളർത്തിയതാണത്.. ഹൃദയത്തിന് വേദനിക്കുമെന്ന് ഭയപ്പെടുന്നുവെങ്കിൽ ജീവിച്ചിരുന്ന കാലത്ത് നീ തന്നത്ര ഉണ്ടാവില്ല എന്നോർത്ത് എടുത്തുകൊൾക.. തിരിഞ്ഞ് നടക്കുന്നതിനിടയിൽ  കുഴിമാടം മൂടിയിട്ടുണ്ടോ എന്നെങ്കിലും നോക്കുക.. ഇല്ലെങ്കിൽ വീണ്ടും എന്റെ പ്രണയം നിനക്കൊപ്പം വന്നാലോ.. 
മരിച്ചു കഴിഞ്ഞും ജീവിച്ചിട്ടുണ്ടോ??  ഞാൻ ജീവിക്കാറുണ്ട് ഇടക്ക്..  ചില പുസ്തകങ്ങൾ,  ചില വാക്കുകൾ, എന്നോ മരിച്ച എനിക്ക് ഇന്നും ജീവൻ ഉണ്ടെന്ന് ഇടക്ക് തോന്നിപ്പിക്കും.. തികട്ടി വരുന്ന തേങ്ങലും ഒലിച്ചിറങ്ങുന്ന വഴുവഴുത്ത കണ്ണീരും പുഴു തിന്നാത്ത ശരീരവും ജീവനുണ്ട് എന്നുള്ളതിന്റെ സൂചനയാണോ എന്ന് എന്റെ പ്രേതം ഇടക്ക് ആലോചിക്കാറുണ്ട്..  ആ ആലോചനക്കൊടുവിൽ  മരണം ബലപ്പെടുത്തിയ എന്റെ ചുണ്ടുകൾ കഷ്ടപ്പെട്ട് ഒരു ചിരി ചിരിക്കാറുണ്ട്..  തോന്നുന്നുണ്ടോ ഞാൻ ജീവിച്ചിരിക്കുമ്പോൾ മരിച്ചുപോവുന്നതാണ് എന്ന്.. അല്ല.. അത് ഞാൻ മരിച്ചു കഴിഞ്ഞ് ഇടക്ക് ജീവിക്കുന്നതാണ്..

തലക്കെട്ടില്ലാത്ത ജീവിതം

കാലത്തിന്റെ തിരഞ്ഞെടുപ്പിൽ നീയോ ഞാനോ ആദ്യമെന്നറിയില്ല.. നിനക്കു മാത്രമായതെല്ലാം മണ്ണും പുഴുക്കളും സ്വന്തമാക്കിയതിന് ശേഷം എന്നെ പ്രണയിക്കരുത്.. ശേഷം, ചോർന്നുപോയ കാലത്തിനു മുന്നിൽ തലകുനിച്ചു നിൽക്കുക.. തരാൻ മറന്നതെല്ലാം എന്റെ കുഴിമാടത്തിന്റെ കാൽക്കൽ വച്ച് നീ മടങ്ങുക.. അവ എന്നോടൊപ്പം മണ്ണോട് മണ്ണായി ചേരട്ടെ..

ഓർമ്മകളുടെ ചവറ്റുകുട്ട 

എന്റെ പ്രണയത്തെ ഉണങ്ങി വീണ ഓർമ്മകൾ കൂട്ടി കത്തിക്കണം.. എത്ര മുറിച്ചിട്ടാലും പടർന്നു പന്തലിച്ചിരുന്ന അതിന്റെ, ചാരത്തെ ക ണ്ണീരിനോടൊപ്പം ഒഴുക്കിക്കളയണം.. പലനാളുകളായി നീ കാരണം ഉപേക്ഷിച്ച ഭക്ഷണം  കലോറി നോക്കാതെ ഇനി എനിക്കൊന്ന് കഴിക്കണം..  പല നാളായി കണ്ണീരിന്റെ ഉപ്പ് മാത്രം അറിഞ്ഞ എന്റെ തലയണയെ, ഒരു മധുരസ്വപ്നം കൊണ്ടെനിക്ക് ചുംബിക്കണം.. അവസാനമായി..,,, നീയെന്ന ഒറ്റ വാക്ക് മാത്രം അറിയുന്ന എന്റെ മനസ്സിനെ  ഇനി ഞാനാരാണ് എന്ന് പഠിപ്പിക്കണം..